16 ഏപ്രിൽ 2009

എന്‍റെ ആദ്യത്തെ (കള്ള)വോട്ട്

ഇന്നു കേരളത്തില്‍ ഇലക്ഷന്‍ നടക്കുകയാണല്ലോ. ബെങ്കലൂരില്‍ അകപ്പെട്ടുപോയ എനിക്കീതവണ വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയില്ല. ആയിരത്തി തൊള്ളായിരത്തി എന്പത്തിയേഴുമുതല്‍ വോട്ട് ചെയ്തു തുടങ്ങിയ എനിക്കിപ്പോള്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടയിട്ടും അത് ചെയ്യാന്‍ പറ്റുന്നില്ല.

അന്നെനിക്ക് പതിനേഴു വയസ്സ് പ്രായം.  തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷം ഇഞ്ചിനീയറിങ്ങിനു പഠിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ആദ്യമായി രണ്ടു വോട്ട് ചെയ്തത്. ആദ്യത്തെ വോട്ട് കോളേജ് കാമ്പസിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില് വച്ചായിരുന്നു. ആ വാർ ഡിലെ ഏതോ ഒരു എതിർ പാർട്ടി അനുഭാവിയുടെ പേരുള്ള സ്ലിപ്പുമായാണ് ഞാൻ ചൂണ്ടുവിരൽ നഖത്തിൽ ആദ്യമായി മഷി പുരട്ടിയത്. കേരള രാഷ്ട്രീയത്തിൽ സ്പീക്കർ വരെയായ അദ്ദേഹത്തിന് വേണ്ടി അങ്ങനെ എന്റെ കന്നിവോട്ട് ബാലറ്റ് പെട്ടിയിൽ വീണു. പുറത്ത് ഇറങ്ങിയപ്പോൾത്തന്നെ വിരലിൽ നിന്ന് മഷി ഒരു ദ്രാവകത്തിൽ മുക്കിയ പഞ്ഞി കൊണ്ട് തുടച്ചു. പോളിംഗ് ബൂത്തിലെ മഷി നഖത്തിൽ പുരട്ടിയ ഉടനെ മധ്യവിരൽ ഉപയോഗിച്ച് അത് ഉരച്ച് നീക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. അതിന്റെ ഡമോ കൂടി കണ്ടപ്പോൾ കുറച്ച് ബോധ്യപ്പെട്ടു. പഞ്ഞി നഖത്തിന് മുകളിലൂടെ മൂന്ന് നാല് പ്രാവശ്യം ഉരഞ്ഞു നീങ്ങിയപ്പോൾ എന്റെ അഴുക്കുപുരണ്ടിരുന്ന നഖം തിളങ്ങാൻ തുടങ്ങി.

രണ്ടാമത്തെ വോട്ട് ശ്രീകാര്യം സ്കൂളില്‍ ആയിരുന്നു അതേ ദിവസം തന്നെ ചെയ്തത്. അപ്പോോഴേയ്ക്കും നാല് മണി കഴിഞ്ഞിരുന്നു. ആദ്യ വോട്ടിന്റെ അമ്പരപ്പും ടെൻഷനും മാറിയിരുന്നെങ്കിലും മഷി പുരട്ടാൻ വിരൽ നീട്ടിയപ്പോൾ ചങ്കിലൊരു ഒരു തള്ളിച്ച അനുഭവപ്പെട്ടു. വോട്ട് ചെയ്ത സ്ഥാനാർത്ഥി വിജയിച്ച വാർത്ത വന്നപ്പോൾ രണ്ട് വോട്ടും പാഴായില്ല എന്ന അഭിമാനം ഉണ്ടായി.


 പിന്നെ, ഒരു കാര്യം മനസ്സിലായത് എല്ലാ കാര്യങ്ങളും എണ്ണയിട്ട അച്ച് പോലെ സുഗമമായി നടന്നു എന്നതാണ്. അതിനു പിന്നിൽ ആരായാലും മുന്നിൽ ആരായാലും. വാട്ട്സ്ആപ്പും മൊബൈൽ ഫോണും ഇല്ലാതിരുന്ന നാളുകളിൽ എങ്ങനെയായിരുന്നു ഇത്ര സ്മൂത്ത് ആയി നൂറോളം കള്ളവോട്ടുകൾ ചെയ്യാൻ വേണ്ട ആശയ വിനിമയം നടന്നത്?  ഒരു ബഗുമില്ലാത്ത നല്ല ഒരു പ്രോഗ്രാം എന്ന പോലെ !


ജനാധിപത്യത്തിന് ഞാൻ ഏൽപ്പിച്ച പ്രഹരം ഓർത്ത് പിന്നീട് ഉള്ള ഇലക്ഷൻ നാളുകളിൽ കുറ്റബോധം തോന്നിയിരുന്നു. ആധികാരികമായിത്തന്നെ വോട്ട് ചെയ്യാൻ ക്യുവിൽ നിൽക്കുമ്പോഴും ഞാൻ ശരിക്കും വോട്ട് ചെയ്യാൻ അർഹനാണോ എന്ന് തോന്നിയിരുന്നു. 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ