16 ഏപ്രിൽ 2009

എന്‍റെ ആദ്യത്തെ (കള്ള)വോട്ട്

ഇന്നു കേരളത്തില്‍ ഇലക്ഷന്‍ നടക്കുകയാണല്ലോ. ബെങ്കലൂരില്‍ അകപ്പെട്ടുപോയ എനിക്കീതവണ വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയില്ല. ആയിരത്തി തൊള്ളായിരത്തി എന്പത്തിയേഴുമുതല്‍ വോട്ട് ചെയ്തു തുടങ്ങിയ എനിക്കിപ്പോള്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടയിട്ടും അത് ചെയ്യാന്‍ പറ്റുന്നില്ല.

അന്നെനിക്ക് പതിനേഴു വയസ്സ് പ്രായം.  തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷം ഇഞ്ചിനീയറിങ്ങിനു പഠിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ആദ്യമായി രണ്ടു വോട്ട് ചെയ്തത്. ആദ്യത്തെ വോട്ട് കോളേജ് കാമ്പസിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില് വച്ചായിരുന്നു. ആ വാർ ഡിലെ ഏതോ ഒരു എതിർ പാർട്ടി അനുഭാവിയുടെ പേരുള്ള സ്ലിപ്പുമായാണ് ഞാൻ ചൂണ്ടുവിരൽ നഖത്തിൽ ആദ്യമായി മഷി പുരട്ടിയത്. കേരള രാഷ്ട്രീയത്തിൽ സ്പീക്കർ വരെയായ അദ്ദേഹത്തിന് വേണ്ടി അങ്ങനെ എന്റെ കന്നിവോട്ട് ബാലറ്റ് പെട്ടിയിൽ വീണു. പുറത്ത് ഇറങ്ങിയപ്പോൾത്തന്നെ വിരലിൽ നിന്ന് മഷി ഒരു ദ്രാവകത്തിൽ മുക്കിയ പഞ്ഞി കൊണ്ട് തുടച്ചു. പോളിംഗ് ബൂത്തിലെ മഷി നഖത്തിൽ പുരട്ടിയ ഉടനെ മധ്യവിരൽ ഉപയോഗിച്ച് അത് ഉരച്ച് നീക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. അതിന്റെ ഡമോ കൂടി കണ്ടപ്പോൾ കുറച്ച് ബോധ്യപ്പെട്ടു. പഞ്ഞി നഖത്തിന് മുകളിലൂടെ മൂന്ന് നാല് പ്രാവശ്യം ഉരഞ്ഞു നീങ്ങിയപ്പോൾ എന്റെ അഴുക്കുപുരണ്ടിരുന്ന നഖം തിളങ്ങാൻ തുടങ്ങി.

രണ്ടാമത്തെ വോട്ട് ശ്രീകാര്യം സ്കൂളില്‍ ആയിരുന്നു അതേ ദിവസം തന്നെ ചെയ്തത്. അപ്പോോഴേയ്ക്കും നാല് മണി കഴിഞ്ഞിരുന്നു. ആദ്യ വോട്ടിന്റെ അമ്പരപ്പും ടെൻഷനും മാറിയിരുന്നെങ്കിലും മഷി പുരട്ടാൻ വിരൽ നീട്ടിയപ്പോൾ ചങ്കിലൊരു ഒരു തള്ളിച്ച അനുഭവപ്പെട്ടു. വോട്ട് ചെയ്ത സ്ഥാനാർത്ഥി വിജയിച്ച വാർത്ത വന്നപ്പോൾ രണ്ട് വോട്ടും പാഴായില്ല എന്ന അഭിമാനം ഉണ്ടായി.


 പിന്നെ, ഒരു കാര്യം മനസ്സിലായത് എല്ലാ കാര്യങ്ങളും എണ്ണയിട്ട അച്ച് പോലെ സുഗമമായി നടന്നു എന്നതാണ്. അതിനു പിന്നിൽ ആരായാലും മുന്നിൽ ആരായാലും. വാട്ട്സ്ആപ്പും മൊബൈൽ ഫോണും ഇല്ലാതിരുന്ന നാളുകളിൽ എങ്ങനെയായിരുന്നു ഇത്ര സ്മൂത്ത് ആയി നൂറോളം കള്ളവോട്ടുകൾ ചെയ്യാൻ വേണ്ട ആശയ വിനിമയം നടന്നത്?  ഒരു ബഗുമില്ലാത്ത നല്ല ഒരു പ്രോഗ്രാം എന്ന പോലെ !


ജനാധിപത്യത്തിന് ഞാൻ ഏൽപ്പിച്ച പ്രഹരം ഓർത്ത് പിന്നീട് ഉള്ള ഇലക്ഷൻ നാളുകളിൽ കുറ്റബോധം തോന്നിയിരുന്നു. ആധികാരികമായിത്തന്നെ വോട്ട് ചെയ്യാൻ ക്യുവിൽ നിൽക്കുമ്പോഴും ഞാൻ ശരിക്കും വോട്ട് ചെയ്യാൻ അർഹനാണോ എന്ന് തോന്നിയിരുന്നു. 





27 മാർച്ച് 2009

ഇ പത്രം

മലയാളം പത്രം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടാതെ നല്ല ഒട്ടനവധി ബ്ലോഗുകളിലെക്കുള്ള ലിങ്കുകളും കാണാവുന്നതാണ്‌.

ബെങ്കലൂരിലെ ധാബകള്‍



















(ബാഗ്ലൂര്‍ പഴയ പേര്; പുതിയ പേര് 'ബെങ്കലുരു')

വടക്കേയിന്തൃയില്‍ധാരാളം കാണാന്‍ കഴിയുന്ന പഞ്ചാബിധാബകള്‍ ബെങ്കളൂരിലും ധാരാളമുണ്ട്‌. പക്ഷെ സിഖുകാരന്‍റെ പേരില്‍ അറിയപ്പെടുന്ന ഈ പഞ്ചാബിധാബകളില്‍ ഒന്നിലും ഒരു തലപ്പാവുകാരനെകാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്‍റെ സുഹൃത്തുക്കളുടെയും എന്‍റെയും അനുഭവം അതാണ്.

ഒരു 'ഐ ടി' സുഹൃത്തുമായി നാട്ടിലേക്കു കാറില്‍ പോകുമ്പോഴാണ് മൈസൂര്‍ റോഡില്‍ ധാരാളം ധാബകള്‍ കാണുമെന്ന പ്രതീക്ഷിച്ചത്. സമയം വളരെ വൈകിയത് കൊണ്ടാകാം അവിടെ ഒന്നുംതന്നെ തുറന്നു
കണ്ടില്ല. യാത്ര കഴിഞ്ഞ ഡിസംബര്‍ മുപ്പത്തിഒന്നാം തീയതി ആയിരുന്നു. ഒരു ചായ കുടിക്കാനായി ചായക്കട ഏറെ തിരക്കി മൈസൂര്‍ സിറ്റിക്ക് രണ്ടുവലം വച്ചു വഴിതെറ്റിയത് മിച്ചം.

പതിനൊന്നു മണിക്ക് ശേഷം മദ്യ വില്പന അനുവദിക്കാത്തതാണ് ഇത്തരത്തില്‍ ധാബകളുടെ നിശാപ്രവര്‍ത്തനത്തെ ബാധിച്ചതെന്ന് അച്ചു എന്ന സുഹൃത്ത് പറഞ്ഞു.

പിന്നീടൊരു ചാന്‍സ് ഒത്തുകിട്ടിയത് മറ്റൊരു കന്നടിക സുഹൃത്തിന്‍റെ ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തുംകൂര്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന കേന്കേരി എന്ന് പേരുള്ള ഒരു ചെറു ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലാണ്.

ആ യാത്രയില്‍ മൂന്ന് ധാബകളില്‍ കയറിയെങ്കിലും തുംകൂര്‍ കഴിഞ്ഞു വിജനമായ വഴിയരുകിലുള്ള ഒരു ധാബ വളരെ ഇഷ്ടമായി. അവിടെ വിറകുപയോഗിച്ചു സാധാരണ രീതിയില്‍ ആണ് ഭക്ഷണം ശരിയാക്കുന്നത്. കട്ടില്‍ പോലുള്ള ഒരു സമഗ്രിയില്‍ ആണ് കയറി കുത്തിയിരുന്ന് കൂട്ടമായി ലോറി ജീവനക്കാര്‍ ആഹാരം കഴിച്ചു കൊണ്ടിരുന്നു. ആ കട്ടിലും അതില്‍ ഇട്ടിരുന്ന തടിക്കഷണങ്ങളും പിന്നെ ഒരാള്ക്ക് തന്നെ കടന്നു പോകാന്‍ പറ്റും വിധം ഇഴയകലത്തിലെ കയര്‍ വരിച്ചിലും ഒക്കെ ഒരു രസം തന്നെ സാധാരണയായി.















മലയാളിക്ക് തട്ടുകട എണ്ണ നൊസ്റ്റാള്‍ജിയ പോലെയാണ് വടക്കെയിന്ത്യക്കാര്‍ക്ക് ധാബകളും.

സാധാരണയായി ധാബകളിലെ ഭക്ഷണത്തിന് നല്ല രുചിയാണെന്നു പറയാറുണ്ട്. അത് വളരെ ശരിയാണെന്ന് എനിക്ക് തോന്നി. ദാല്‍ കരിക്ക് എന്താന്നൊരു രുചി. നാട്ടിലെ രുചിയുമായി അതിന് ഏറെ സാമ്യമുണ്ടായിരുന്നു.

മരുന്നിനു പോലും ഒരു പഞ്ചാബി പോലുമില്ലാത്ത ധാബകള്‍ ഏറ്റെടുത്ത് നടത്തുന്നതും തുടങ്ങുന്നതുമൊക്കെ കന്നടക്കാരും തമിഴരും മലയാളികളുമാണ്. മുന്‍കാലങ്ങളില്‍ ശരിക്കുള്ള ധാബകളില്‍ അവര്‍ ജോലിചെയ്തിരുന്നോ എന്നൊന്നും നമുക്കറിയില്ല.

സാധാരണക്കാരായ യാത്രക്കാര്‍ക്ക് വഴിയോര സൌകര്യങ്ങള്‍ ഒരുക്കുകയായിരുന്നു ധാബകളുടെ ലക്ഷ്യം. വളരെ ദൂരം യാത്ര ചെയ്തു വരുന്ന വര്‍ക്കു ഭക്ഷണം നല്‍കാനും വിശ്രമിക്കാനും കൂട്ടം കൂടിയിരുന്നു കുറെ നാട്ടുവിശേഷങ്ങള്‍ പറയാനും പറ്റിയ ഇടത്താവളങ്ങള്‍ ആയി ധാബകള്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഭൂതകാലം ധാബകള്‍ക്കുണ്ടായിരുന്നു. വിവര സാങ്കേതിക വിദ്യകളും മൊബൈല്‍ ഫോണുകളും താഴെക്കിടയിലേക്കിറങ്ങി വരുന്നതിനു മുമ്പ് ഒരു വിവര കൈമാറ്റ സ്ഥാനമായി ഇവകള്‍ പ്രവര്‍ത്തിച്ചിരുന്നു. താന്‍ പിന്നിട്ട റോഡിലെ കാര്യങ്ങളും വഴിയിലെ അപകട സാധ്യതകളും എതിരെ യാത്ര ചെയ്യുന്നവര്‍ക്ക്‌ പ്രയോജനപരമായി അവതരിപ്പിക്കാനും ഈ ഇടങ്ങള്‍ പ്രയോജനപ്പെട്ടിരുന്നു.

പട്ടിയും പൂച്ചയും മുയലും ഒക്കെ അവിടെയുണ്ടാകും. ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചു അപ്പപ്പോള്‍ തന്നെ അവിടെയാകെ അവ വൃത്തിയാക്കുന്നു. ബെങ്കലൂരിലെ തിക്കിലും തിരക്കിലും ശ്വാസം മുട്ടി ജീവിക്കുന്നവര്‍ക്ക് ഒന്നു മൂരിനിവര്‍ത്തി ശ്വാസം വിടാനുള്ള ഒരു സാവകാശം ലഭിക്കുന്നത്‌ ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ എത്തുമ്പോഴാണ്.

രാത്രി ഒരു മണിയോടെ യാത്ര പിന്നെയും തുടര്‍ന്നു. യാത്രയാണല്ലോ ജീവിതം !

25 മാർച്ച് 2009

പ്രേരണ

പ്രവാസകവിയും എഴുത്തുകാരനും ആയ കൂഴൂര്‍ വിത്സന്‍റെ പ്രേരണയാല്‍ തുടങ്ങിയ ഒരു ബ്ലോഗ് ആണിത്. ഏകദേശം പത്തുവര്‍ഷങ്ങള്‍ക്ക് മുന്പ് കേരളാസ്കാന്‍.കോം എന്ന ഒരു വെബ്സൈറ്റ് തുടങ്ങിയെന്കിലും അതിന് ശേഷം നെറ്റിന്‍റെ ലോകത്ത് നിന്നു മാറിനിക്കേണ്ടി വന്നു.
അക്കാലത്തു സമയമൊക്കെ ചെലവാക്കിയത് പബ്ലിക്കേഷന്‍ ലോകത്തായിരുന്നു. അതൊരു മായിക പ്രപഞ്ചമാണ്‌. ഏറെ വേദനകള്‍ സഹിച്ചതിനാല്‍ മൂന്ന് വര്‍ഷം കൊണ്ടു മൂന്ന് പുസ്തകങ്ങള്‍ അച്ചടി മഷി പുരണ്ടു പുറത്തുവന്നു. ഒന്നിലും സ്ഥിരതയില്ലതവര്‍ക്ക് ആ ലോകത്തിലുള്ള താത്പര്യവും ഏറെ നിലനില്‍ക്കില്ല.

കൂടാതെ അതിനിടക്കണല്ലോ ജീവിത പ്രശ്നങ്ങള്‍ എന്ന മഹാവില്ലന്‍ രംഗപ്രവേശം ചെയ്തു കുടുംബാങ്ങങ്ങളെയും മറ്റു ബന്ധുക്കളെയും കൂട്ടി അരങ്ങു തകര്‍ത്ത് ആടിയത്.

എന്തായാലും ജീവിതയാത്രക്കിടയില്‍ ദുബായില്‍ വച്ചു പരിചയപ്പെട്ട വിത്സന് പ്രണാമങ്ങള്‍. വിത്സനെ പരിചയപ്പെടുത്തിയ ന്ദുകേഷ്‌ തൃപ്പനച്ചിക്കും നന്ദി.